മെല്ല തുടങ്ങി ആളി കത്തുന്ന സ്റ്റൈൽ.. ഓറഞ്ച് ക്യാപ്പ് നേട്ടം!! കളിയാക്കിയവർ അണ്ണാക്കിലേക്ക് റിയാൻ പരാഗ് റൂട്ട് മാർച്ച്‌

എഴുത്ത് :ഹക്കീം മൊറയൂര്‍

ശക്തരായ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണി ആയിരുന്നു അവന്‍. ഈ സീസണ്‍ തുടങ്ങുമ്പോള്‍ 54 മത്സരങ്ങളില്‍ നിന്നും വെറും 600 റണ്‍സ് മാത്രം നേടിയ പയ്യന്‍. വേറെ ഏത് ടീം ആണെങ്കിലും പരാഗിനെ കറിവേപ്പില പോലെ എടുത്തു കളയുമായിരുന്നു. എല്ലാവരും ട്രോളിയിട്ടും രാജസ്ഥാന്‍ റോയല്‍സ് അവനെ കൈ വിട്ടില്ല. കാരണം അവര്‍ അവന്റെ മാറ്റ് മനസ്സിലാക്കിയിരുന്നു.

പരാഗ് ഒരിക്കല്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നെടുന്തൂണ്‍ ആവുമെന്ന് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചവരാണ് നാം. പാന്‍ പരാഗ് എന്ന് പറഞ്ഞു ട്രോളും ഇറങ്ങി. മലര്‍ പൊടിക്കാരന്റെ ദിവാ സ്വപ്നങ്ങള്‍ എന്ന് പറഞ്ഞു ലോകം അവനെ കളിയാക്കി.

എന്നാല്‍ അപ്പോഴും അവന്‍ തളര്‍ന്നില്ല. അവന്‍ തന്റെ പിഴവുകള്‍ പഠിക്കുകയായിരുന്നു. ഒരിക്കലും തളരാത്ത ആത്മ വിശ്വാസവുമായി ഈ വര്‍ഷം നടന്ന ആഭ്യന്തര ലീഗുകളില്‍ പയ്യന്‍ നിറഞ്ഞാടിയപ്പോഴും ആരും അവനെ ഗൗനിച്ചില്ല. എന്നാല്‍ ഈ ഐപിഎല്ലില്‍ ലോകം പയ്യന്റെ യഥാര്‍ത്ഥ ക്ലാസ് കാണാന്‍ പോകുകയാണ്.

മൂന്ന് മത്സരങ്ങള്‍, 181 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 160.18, ആവറേജ് 181. പേര് കേട്ട റോയല്‍സ് ബാറ്റിംഗ് നിര ആടി ഉലഞ്ഞപ്പോള്‍ ഒരു നായകനെ പോലെ അവന്‍ ഉത്തരവാദിത്തം ചുമലിലേറ്റി. നടന്ന മൂന്ന് മല്‍സരങ്ങളിലും നിര്‍ണ്ണായക ഇന്നിങ്‌സുകള്‍. പതിയേ തുടങ്ങി പിച്ചിനെ പഠിച്ചു നിലയുറപ്പിച്ചു കൂറ്റന്‍ ഷോട്ടുകള്‍ കളിച്ചു സ്‌കോര്‍ ഉയര്‍ത്തി ടീമിനെ ജയിപ്പിച്ച ക്ലാസ് പ്രകടനം. ഇന്നലെ അവസാനം നേടിയ മനോഹരമായ രണ്ട് സിക്‌സറുകള്‍.അതേ, പരാഗ് ആറാടുകയാണ്. ഇന്‍സള്‍ട്ടാണ് സാറേ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറയാതെ പറഞ്ഞു കൊണ്ട് അവന്‍ ലോകത്തെ കൊണ്ട് തിരുത്തി പറയിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം ചെക്കന്‍ തൂക്കും. ഉറപ്പ്.

സഞ്ജു, ജയ്‌സാള്‍, ബട്‌ലര്‍ ത്രയങ്ങളെക്കാള്‍ രാജസ്ഥാന് നിര്‍ണ്ണായകം ചിരിച്ചു കൊണ്ട് കഴുത്തു മുറിക്കുന്ന ഈ പയ്യന്‍ തന്നെ ആയിരിക്കും.