മികച്ച താരങ്ങളും എല്ലാമുണ്ട് പക്ഷെ ഒന്നും നേടാത്ത ടീമാണ് ഇന്ത്യ.. പരിഹസിച്ചു ഇംഗ്ലണ്ട് മുൻ താരം

ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ ലോകത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകർത്തത്.

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. സെഞ്ചൂറിയനിലെ തോൽവിക്ക് ശേഷം ജനുവരി മൂന്നിന് കേപ്ടൗണിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇറങ്ങും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കവർ ചെയ്യാൻ ഓസ്‌ട്രേലിയയിലെത്തിയ മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഇന്ത്യന്‍ ടീമിനെ രൂക്ഷമായാണ് വിമർശിച്ചത്.ഇന്ത്യ ഒന്നും നേടുന്നില്ലെന്ന് വോണ്‍ അഭിപ്രായപ്പെട്ടു.

ഒരു ദശാബ്ദത്തിനിടെ ഇന്ത്യയ്ക്ക് അവരുടെ ആദ്യ ഐസിസി ട്രോഫി നേടാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ 2023 ഏകദിന ലോകകപ്പിൽ 10 മത്സരങ്ങൾ വിജയിച്ചിട്ടും അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ഫൈനലിൽ മെൻ ഇൻ ബ്ലൂ പരാജയപ്പെട്ടു.

മികച്ച താരങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടും ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ലെന്നും മികച്ച ടീം ഉണ്ടെങ്കിലും താരങ്ങൾ നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും കിരീടങ്ങൾ നേടുന്നതിൽ ഇന്ത്യ പരാജയപ്പെടുകയാണെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.

“അടുത്ത കാലത്തൊന്നും ഇന്ത്യക്ക് വലിയ വിജയങ്ങൾ നേടാൻ സാധിച്ചിട്ടില്ല.ലോകത്തിലെ ഏറ്റവും മികച്ച കായിക ടീമുകളിൽ ഒന്നാണ് ഇന്ത്യയെന്ന് ഞാൻ കരുതുന്നു. അവർ ഒന്നും നേടുന്നില്ല, അവർ അവസാനമായി എന്തെങ്കിലും നേടിയത് എപ്പോഴാണ്? ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് തവണ പരമ്പര നേടിയെന്നത് ശരിയാണ്. അത് ചെറിയ നേട്ടമല്ല, പക്ഷെ അവസാനം നടന്ന ചില ലോകകപ്പുകളിലൊന്നും അവര്‍ക്ക് കിരീടം നേടാനായിട്ടില്ല. ഏകദിന ലോകകപ്പായാലും ടി20 ലോകകപ്പായാലും അവരെവിടെയും എത്തിയില്ല” വോൺ പറഞ്ഞു.