വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നിങ്ങളുടെ അടുക്കളയിൽ പഴുത്ത് തൊലി കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇനി കളയേണ്ടതില്ല, അതുകൊണ്ട് രുചികരമായ ഒരു വിഭവം തയ്യാറാക്കാം. പഴുത്തു കറുത്ത നേന്ത്രപ്പഴം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ആയ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം.
Ingredients
- നേന്ത്രപ്പഴം – 2 എണ്ണം
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- പൊടിച്ചെടുത്ത ശർക്കര – 1/4 കപ്പ്
- ഗോതമ്പ് പൊടി – 1 കപ്പ്
- ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
- ഓയിൽ – ആവശ്യത്തിന്
ആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കണം. ഈ പലഹാരം തയ്യാറാക്കാനായി നന്നായി പഴുത്ത നേന്ത്രപ്പഴം എടുക്കാനായി ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ഈ പലഹാരം നല്ല പെർഫെക്റ്റ് ആയി കിട്ടുകയുള്ളൂ. വേവിച്ചെടുത്ത പഴത്തിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും കാൽ കപ്പ് പൊടിച്ചെടുത്ത ശർക്കരയും കൂടെ ചേർത്ത് എല്ലാം കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും കൂടെ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുത്ത ശേഷം നല്ലപോലെ കുഴച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇതിലെ പഴത്തിന്റെയും ശർക്കരയുടെയും നനവ് കൊണ്ട് ഇത് നന്നായി കുഴച്ചെടുക്കാം.
ശേഷം ഇത് ചപ്പാത്തി പലകയിലോ അല്ലെങ്കിൽ കൗണ്ടർ ടോപ്പിലോ വെച്ച് നല്ല പോലെ കുഴച്ച് മാവ് പരുവത്തിൽ ആക്കിയെടുക്കണം. ശേഷം കയ്യിൽ എണ്ണ തടവി ഇത് ബോളുകൾ ആക്കി ഉരുട്ടിയെടുത്ത ശേഷം കയ്യിൽ വച്ച് അമർത്തി പരത്തിയെടുക്കണം. ഇവിടെ നമ്മൾ വടയുടെ ആകൃതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഒരു കുപ്പിയുടെ ചെറിയ അടപ്പ് ഉപയോഗിച്ച് പരത്തിയെടുത്ത മാവിൻറെ നടുവിൽ ഒരു ദ്വാരം ഉണ്ടാക്കണം. അപ്പോൾ ഇതൊരു വടയുടെ ആകൃതിയിൽ ലഭിക്കും. ഇതേ രീതിയിൽ ബാക്കിയുള്ള മാവും ചെയ്തെടുക്കേണ്ടതാണ്. അടുത്തതായി ഒരു പാനിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് ചൂടാകുമ്പോൾ തയ്യാറാക്കിവെച്ച അടകൾ ഓരോന്നായി ചേർത്ത് വറുത്തെടുക്കാം. രുചികരമായ മധുരവട നിങ്ങളും തയ്യാറാക്കി നോക്കൂ.