നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത പലഹാരങ്ങളോടൊപ്പം സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും കടലക്കറി. പ്രത്യേകിച്ച് പുട്ട്, ആപ്പം, ചപ്പാത്തി എന്നീ പലഹാരങ്ങളോടൊപ്പമെല്ലാം കടലക്കറി കൂട്ടിക്കഴിക്കുവാൻ ഇരട്ടി രുചിയാണ്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു കടലക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കടലക്കറി തയ്യാറാക്കാനായി സാധാരണ ചെയ്യുന്ന അതേ രീതിയിൽ തന്നെ കടല തലേദിവസം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കടല നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അതിന്റെ വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ് എടുത്തുവയ്ക്കണം. ശേഷം ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ വഴറ്റുക. ശേഷം ഒരു സവാള നീളത്തിൽ അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിൽ ഒരു തക്കാളി ചെറുതായി അരിഞ്ഞെടുത്തത്, മൂന്നു മുതൽ നാല് ചെറിയ ഉള്ളി വൃത്തിയാക്കിയത്, ഒരു പിടി അളവിൽ തേങ്ങാക്കൊത്തും, ഒരു ചെറിയ കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കിവെച്ച അരപ്പ് കുക്കറിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഈയൊരു സമയത്ത് ഒരു പിടി കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അരപ്പിന്റെ പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ആവശ്യാനുസരണം ചേർത്ത് ഇളക്കാവുന്നതാണ്. ശേഷം എടുത്തുവച്ച കടല കൂടി അരപ്പിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത ശേഷം കുക്കർ അടച്ചുവെച്ച് കടല വേവുന്നത് വരെ വെയിറ്റ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ കടലക്കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.